ആലപ്പുഴ: പോളിയോമുക്ത ഭാരതം എന്ന പദവി നിലനിർത്തുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തുന്ന പൾസ് പോളിയോ പ്രതിരോധ തുള്ളി മരുന്ന് വിതരണത്തിന്റെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനം മന്ത്രി എം. ലിജു കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർവഹിച്ചു. അഞ്ചു വയസിൽ താഴെ പ്രായമുള്ള എല്ലാ കുട്ടികൾക്കും രണ്ടുതുള്ളി പോളിയോ മരുന്ന് നൽകുന്ന പദ്ധതിക്കായി സംസ്ഥാനത്ത് 23000 ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. കണ്ടല്ലൂരിന്റെ വികസനത്തിനും നാടിന്റെ വികസനത്തിനും രാഷ്ട്രീയഭേദമില്ലാതെ മുൻഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു.
കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ-ചാർജ് ആർ. ഷൈനി അധ്യക്ഷത വഹിച്ചു. സന്ദേശ പ്രചാരണ പോസ്റ്റർ പ്രകാശനം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി.എസ്. താഹ നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.പി.വി. വിദ്യ, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ആർ. വിവേക് കുമാർ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എസ്.ആർ. ദിലീപ് കുമാർ, രശ്മി ശ്രീനി, എ. അജിത്ത്, അഡ്വ.എൻ. രാജഗോപാൽ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എസ്.ലൈജു, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. പാർവതി പ്രസാദ്, ഡോ.എൻ.എസ്. സ്മിത , ഡോ.അരോമ പ്രസന്നൻ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലയിൽ അഞ്ച് വയസിന് താഴെ പ്രായമുള്ള 96972 കുട്ടികൾക്ക് തുള്ളി മരുന്ന് വിതരണം ചെയ്യാനാണ് പദ്ധതി. പോളിയോ തുള്ളിമരുന്ന് ലഭിക്കാത്ത കുട്ടികൾക്ക് 29,30 തീയതികളിലും നൽകും.